തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ചികിത്സ ചെലവ് രോഗതീവ്രതയെക്കാള്‍ കൂടതലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സ ചെലവ് ഉയര്‍ന്നതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള ചികിത്സ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍ വിവിധ നരിക്കുകളാണ് കോവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നതെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് രാമചന്ദ്രന്, ജസ്റ്റിസ് എം ആര് അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്ര കെ കെ ശൈലജ അറിയിച്ചു. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post