ഡല്‍ഹി: കോറോണ വൈറസ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയ്ക്കുള്ള കുവൈത്തിന്റെ ആദ്യ അടിയന്തര സഹായം ഇന്ന് ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജിം അറിയിച്ചു. പ്രത്യേക സൈനിക വിമാനത്തിലായിരിക്കും അടിയന്തര സഹായ സാമഗ്രികള്‍ എത്തിക്കുന്നത്. ഓക്സിജന്‍ കോണ്‍സന്ററേറ്റുകള്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ മുതലായവയാണ് ആദ്യഘട്ടത്തില്‍ കുവൈത്ത് എത്തിക്കുന്നത്. അതിമാരകമായ കൊറോണാ വൈറസിനെ നേരിടാന്‍ ഇന്ത്യന്‍ ആശുപത്രികളില്‍ കുറവുള്ള വസ്തുക്കളാണ് കുവൈത്ത് എത്തിക്കുന്നതെന്ന് കുവൈത്ത് അംബാസഡര്‍ പറഞ്ഞു.
വകഭേദം വന്ന മാരക വൈറസ് വ്യാപനത്തെത്തുടര്‍ന്ന് റിക്കോര്‍ഡ് എണ്ണം രോഗികളും മരണനിരക്കുമാണ് ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ രോഗാവസ്ഥയെ നേരിടാന്‍ കുവൈത്തിന്റെ ഭാഗത്തുനിന്നുള്ള കുലീനമായ ഇടപെടലാണ് ഈ അടിയന്തര സഹായമെന്ന് അല്‍ നജീം പറഞ്ഞു. നിര്‍വചിക്കാനാവാത്ത കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഇന്ത്യന്‍ ജനതയുടെ കഷ്ടപ്പാട് കുറയ്ക്കാനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുര്‍ഘടമായ ഈ കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് കുവൈത്തിലെ നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണയും പൂര്‍ണ ഐക്യവുമുണ്ടായിരിക്കുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷേഖ് ഡോ. അഹമ്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം കുവൈത്തിന്റെ പിന്തുണ അറിയിച്ചത്.
ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കുവൈത്ത് മന്ത്രിസഭ, അടിയന്തരമായി സഹായം എത്തിക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുന്നത്.
Discussion about this post