ദുബായ് : അമിതവേഗതയിൽ കാറോടിച്ചതിന് സോഷ്യൽ മീഡിയ താരത്തിന് ഒരു ലക്ഷം ദിർഹം ( ഏകദേശം ഇരുപത് ലക്ഷം രൂപ ) പിഴ. അബുദാബിയിലെ റോഡിൽ മണിക്കൂറിൽ 205 കിലോമീറ്റർ സ്പീഡിൽ വാഹനമോടിച്ചതിനാണ് പിഴ ചുമത്തിയത്. വാഹനവും സ്പീഡിലോടുന്നത് ചിത്രീകരിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.
വാഹനമോടിച്ച ആളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനം സ്പീഡിലോടിക്കുന്നത് ചിത്രീകരിച്ച ആളേയും പ്രതിചേർത്തിട്ടുണ്ട്. ഇരുവരേയും മൂന്നു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു. സാമൂഹ്യ മാദ്ധ്യമത്തിൽ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാണ് ഈ അപകടകരമായ നീക്കം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ആറുമാസത്തേക്ക് ഇവരുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളും കോടതി റദ്ദു ചെയ്തു.
ആഡംബര വാഹനം അതിവേഗതയിൽ ഓടിക്കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി എടുത്തത്. പൊതുറോഡുകളിൽ ഇത്തരം ഡ്രൈവിംഗ് നിരുത്തരവാദിത്വപരമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം ആളുകൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്നത് ഇനിയും കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.












