ഡൽഹി: ആർ എൽ ഡി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ അജിത് സിംഗ് അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഏപ്രിൽ 20ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു.
അജിത് സിംഗിന്റെ മകനും എം പിയുമായ ജയന്ത് ചൗധരിയാണ് മരണവാർത്ത ട്വിറ്ററിലൂടെ പുറത്തു വിട്ടത്. 1986ലാണ് അജിത് സിംഗ് രാജ്യസഭാംഗമാകുന്നത്. തുടർന്ന് അദ്ദേഹം ഏഴ് തവണ ലോക്സഭാംഗമായി.
വി പി സിംഗ് മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത അജിത് സിംഗ് പിന്നീട് നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായി. തുടർന്ന് കോൺഗ്രസ് വിട്ട് ആർ എൽ ഡി രൂപീകരിച്ച അദ്ദേഹം 2001ലെ വാജ്പേയി മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു.












