ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ്, യു.എസ് സന്ദര്‍ശനത്തിന് തുടക്കമായി. ഏഴു ദിവസത്തെ വിദേശ പര്യടനത്തിനായി ബുധനാഴ്ച പുലര്‍ച്ചെയാണ് മോദി യാത്ര തിരിച്ചത്. ആറ് പതിറ്റാണ്ടിനിടെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ളിനില്‍ പ്രധാനമന്ത്രി എന്ഡ കെന്നിയുമായി ചര്‍ച്ച നടത്തുന്ന മോദി ഇന്ത്യന്‍ സമൂഹവുമായും സംസാരിക്കും.
അയര്‍ലന്‍ഡ് സന്ദര്‍ശിച്ചതിന് ശേഷം മോദി യു.എസിലേക്ക് പോകും. യുഎസിലെ ഐടി കേന്ദ്രമായ സിലിക്കന്വാലിയും ഫെയ്സ്ബുക്ക് ആസ്ഥാനവും മോദി സന്ദര്‍ശിക്കും. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനു പിന്തുണ തേടാനുള്ള ശ്രമങ്ങളും സന്ദര്‍ശനത്തിലുണ്ടാകും.പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇതു രണ്ടാം തവണയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 70–ാം വാര്‍ഷികത്തോടനുബന്ധിച്ചുളള പ്രത്യേക സമ്മേളനത്തിലും ജി – 4 രാജ്യങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.സെപ്റ്റംബര്‍ 27 ന് സാന്‍ജോസില്‍ ഇന്ത്യക്കാരുമായി സംവദിക്കും. സെപ്റ്റംബര്‍ 29 വരെയാണ് യു.എസ് പര്യടനം.
Discussion about this post