വാഷിംഗ്ടൺ: പത്ത് ദിവസത്തെ യാത്രയ്ക്കായി പോയ സ്റ്റാർലൈനർ ബഹിരാകാശ ദൗത്യം അനിശ്ചിതമായി നീളുന്നതോടെ ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെയും ബുഷ് വിൽമറിന്റെയും ആരോഗ്യനിലയെ കുറിച്ച് ആശങ്കപടരുന്നു.സുനിതയ്ക്കും ബുഷിനും മൂന്നുമാസം വരെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയാൻ സാധിക്കുമെന്ന്് നാസ ആവർത്തിക്കുമ്പോഴും ഇരുവരുടെയും ആരോഗ്യനിലയിൽ പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാർ ലൈനറിന്റെ ദൗത്യത്തിന്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് സുനിതയുടെയും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര വൈകുന്നത്. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ.
ഇതിന് മുൻപ് രണ്ട് ബഹിരാകാശ യാത്രകൾ നടത്തിയിട്ടുള്ള ആളാണ് സുനിത. നാസയുടെ കണക്കുവച്ച് അവർ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. പ്രശ്‌നം അതല്ല. ദീർഘകാലം ബഹിരാകാശത്ത് തുടരാനുള്ള മുന്നൊരുക്കങ്ങൾ സുനിതയോ ബുഷ് വിൽമറോ നടത്തിയിട്ടില്ല എന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അതുകൊണ്ട് മൈക്രോഗ്രാവിറ്റിയും റേഡിയേഷനും പ്രശ്‌നക്കാരാ.ക്കേുമെന്നാണ് വിദഗ്ധരുടെ ആശങ്ക. യാത്രികരുടെ ശാരീരിക -മാനസിക ആരോഗ്യത്തെ ഇത് ബാധിച്ചേക്കാം.
ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ശരീരത്തിൻറെ സന്തുലിതാവസ്ഥ താളം തെറ്റും. ഗുരുത്വബലമില്ലാത്തതിനാൽ ശരീരത്തിലെ ദ്രാവകങ്ങൾ ശരീരത്തിൻറെ മുകൾ ഭാഗത്തേക്ക് സഞ്ചാരം തുടങ്ങും. ഇത് മുഖം തുടുക്കാനും മേൽഭാഗത്തേക്ക് വണ്ണം വയ്ക്കാനും ഇടയാക്കും. ഒപ്പം കാലിലെയും പാദങ്ങളിലെയും ജലാശം കുറയും. ഈ ദ്രാവക മാറ്റം രക്തത്തിൻറെ അളവിനെയും രക്ത സമ്മർദത്തെയും ബാധിക്കും. ഇത് ഹൃദയ ധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും എല്ലുകൾക്ക് സാരമായ ശോഷണം ഉണ്ടാക്കുകയും ചെയ്യും.
ശരീരദ്രവങ്ങളിലെ അസന്തുലിതാവസ്ഥ മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും കാരണമായേക്കാം. മൂത്രത്തിൽ കാൽസ്യത്തിൻറെ അളവ് വർധിക്കുന്നതിനാൽ സഞ്ചാരികൾക്ക് മൂത്രത്തിൽ കല്ലുണ്ടാകാനുള്ള സാധ്യതയേറും. ഹോർമോൺ സന്തുലനം താളം തെറ്റുമെന്നും ഇൻസുലിൻ പ്രതികരിക്കാതെ വരുമെന്നും മുന്നറിയിപ്പ് നൽകുന്നു. കാഴ്ചശക്തി കുറയാനുള്ള സാധ്യതയും വലിയ വെല്ലുവിളിയാണ്.
മൈക്രോഗ്രാവിറ്റി കാരണം യാത്രികരുടെ പേശികൾ ചുരുങ്ങുകയും അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിലെ ധാതുക്കൾ നഷ്ടപ്പെടുന്നതോടെ അസ്ഥിശോഷണത്തിന് സമാനമായ സ്ഥിതി ഉണ്ടാവും വ്യായാമങ്ങൾ കൊണ്ട് ഇതിനെ ഒരുപരിധി വരെ ചെറുക്കാമെങ്കിലും അസ്ഥികളുടെ ആരോഗ്യം പൂർണതോതിൽ സംരക്ഷിക്കാൻ പ്രയാസമാണ്. നടുവിലെയും പിൻഭാഗത്തെയും പേശികളെയാണ് ഇതേറ്റവും ബാധിക്കുക.
റേഡിയേഷനുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് കൂട്ടത്തിൽ ഗുരുതരം. തുടർച്ചയായി വികിരണം ഏൽക്കുന്നത് യാത്രികരുടെ ജനിതകഘടനയിൽ തന്നെ മാറ്റം വരുത്തിയേക്കാം. കാൻസർ സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് പരിമിതമായ ദിവസങ്ങളിലേക്ക് ദൗത്യം ചുരുക്കുന്നത്
Discussion about this post