ഇന്ത്യൻ നാഷണൽ ആർമി വെറ്ററൻ ലാൽതി റാമിന്റ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാൽതി റാം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ധൈര്യവും സംഭാവനയും ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ ധൈര്യവും സംഭാവനകളും ഒരിക്കലും മറക്കാനാവില്ല. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തെപ്പോലുള്ള മഹാരഥന്മാർ ഇന്ത്യയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു,”, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അമിത് ഷായും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു ട്വീറ്റ് ചെയ്തു: “ലാലതി റാം ജി തന്റെ സേവനത്തിനും സമർപ്പണത്തിനും എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം സുഭാഷ് ചന്ദ്രബോസിനൊപ്പം പോരാടി”.
”അദ്ദേഹത്തിന്റെ ജീവിത പോരാട്ടം എല്ലായ്പ്പോഴും നമ്മെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം രക്ഷ നൽകട്ടെ. ഓം ശാന്തി ശാന്തി!” അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെയാണ് അന്ത്യം. 98 വയസ്സായിരുന്നു.
സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് 2019-ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
Discussion about this post