അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിച്ചു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേയുടെ സ്വധീനത്തിൽ ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ മാറ്റി പാർപ്പിച്ചു.
പോർബന്ദറിലെ മഹുവ തീരത്താണ് ടൗട്ടേ ആദ്യമായി പ്രവേശിച്ചത്. മണിക്കൂറില്‍ 155-165 കിലേമീറ്റർ വേഗത്തിലായിരുന്നു കാറ്റിന്റെ സഞ്ചാരം. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ടൗട്ടേയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സംസ്ഥാനങ്ങൾക്ക് എല്ലാ സഹായങ്ങളും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഗുജറാത്തിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചു. കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്തമഴയും നാശനഷ്ടങ്ങളും വിതച്ചായിരുന്നു ടൗട്ടേയുടെ പ്രയാണം. ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ ആറ് പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്.
ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം തിങ്കളാഴ്ച രാത്രി 10 മണി വരെ അടച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളം മേയ് 19 വരെ അടച്ചു. മറ്റ് പ്രധാന വിമാനത്താവളങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ചൊവ്വാഴ്ച വരെ അടച്ചിടാനും തീരുമാനിച്ചു.








