ഇറ്റാനഗര്‍: മൃഗശാലയില്‍ കൂട് വൃത്തിയാക്കാന്‍ ഉളളില്‍ കയറിയ ജീവനക്കാരനെ കടുവ കൊലപ്പെടുത്തി. ആസാമിലെ ഇറ്റാനഗറിലെ ബയോളജിക്കല്‍ പാര്‍ക്കിലാണ് ഈ ദുരന്തമുണ്ടായത്. മൃഗശാലയിലെ ജീവനക്കാരന് ലക്ഷ്മിപൂര്‍ സ്വദേശിയായ പൗലാഷ് കര്‍മ്മകര്‍(35) എന്നയാളാണ് മരിച്ചത്.
സാധാരണ കടുവയുടെ കൂട് വൃത്തിയാക്കുക പൗലാഷാണ്. കടുവയെ ഉളളിലുളള ചെറിയ കൂട്ടിലേക്ക് കയറ്റിയിട്ടാണ് കൂട് വൃത്തിയാക്കുക. ചൊവ്വാഴ്ചയും പതിവ് ജോലിക്കായി എത്തിയ പൗലാഷ് ഇത്തരത്തില്‍ തുറന്ന കൂട് അടയ്ക്കാന്‍ മറന്നു. ഈ സമയം കൂട്ടിലെ പെണ്‍കടുവ പൗലാഷിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് മൃഗശാല അധികൃതരും പൊലീസും പറയുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മൃഗശാല ഡോക്ടറും മറ്റ് ജീവനക്കാരും എത്തുമ്പോഴേക്കും പൗലാഷ് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മൃഗശാല മേധാവി റയാ ഫ്ളാഗോ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി സ്ഥലത്തെ പൊലീസ് അറിയിച്ചു. പൗലാഷിന്റെ മൃതദേഹം അടുത്തുളള ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടത്തും.
ചിപ്പി എന്ന എട്ട് വയസുളള പെണ്‍കടുവയാണ് പൗലാഷിനെ കൊലപ്പെടുത്തിയത്. 2013ല്‍ മൃഗശാലയിലേക്ക് കൊണ്ടുവന്നതാണ് ഇതിനെ. ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും ചിപ്പിയില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.
Discussion about this post