പാലക്കാട്: കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ അന്തരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു മുകേഷ്. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മുകേഷിനൊപ്പം സംഭവ സമയം റിപ്പോർട്ടറും ഡ്രൈവറും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ വർഷമാണ് പാലക്കാട് ബ്യൂറോയിൽ എത്തിയത്. ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെ മാതൃഭൂമി ഓൺലൈനിൽ അതിജീവനം എന്ന പേരിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post