ഡല്‍ഹി: അപകടകാരിയായ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലകയായ മൊണാലി ഗോര്‍ഹെ അന്തരിച്ചു. ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പിസ്റ്റള്‍ കോച്ചാണ് മൊണാലി. ഒപ്പം കോര്‍ ഗ്രൂപ്പിലെ അംഗം കൂടിയാണ്. ദേശീയ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
44 കാരിയായ മൊണാലിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പരിശീലകയ്ക്ക് പിന്നീട് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു.
നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചില്‍ നിന്നും പുറത്തിറങ്ങിയ മൊണാലി 2006 മുതല്‍ പരിശീലകനായി രംഗത്തുണ്ട്. ജര്‍മനിയില്‍ നിന്നും ഐ.എസ്.എസ്.എഫ് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച പരിശീലക കൂടിയാണ് മൊണാലി.
2016-ല്‍ സാഫ് ഗെയിംസിനുള്ള ശ്രീലങ്കന്‍ ടീമിനെ താരം പരിശീലിപ്പിച്ചിട്ടുണ്ട്. മൊണാലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ പുരുഷ ടീം മത്സരത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. പിന്നീട് ഇന്ത്യന്‍ വനിതാടീമിന്റെ പരിശീലകയായി.
വ്യാഴാഴ്‌ച്ച മൊണാലിയുടെ അച്ഛന്‍ മനോഹര്‍ ഗോര്‍ഹെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Discussion about this post