ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം പടരുമ്പോൾ ജനങ്ങൾക്ക് സമാശ്വാസമായി കേന്ദ്ര സർക്കാർ സമഗ്ര ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന.
സമഗ്ര ഉത്തേജന പാക്കേജ് സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതായാണ് വിവരം. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയിരുന്നു. ഇത് ജനജീവിതത്തെ ബാധിച്ചിരുന്നു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിസന്ധി നേരിട്ട മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. 1,96,427 പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രോഗബാധ സ്ഥിരികരിച്ചത്. പ്രതിദിന മരണ സംഖ്യയും നാലായിരത്തിന് താഴേക്ക് പോയി. 3,741 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post