കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായ ഐഎൻഎസ് ഷാർദുൽ കുവൈത്തിൽനിന്നുള്ള 87 മെട്രിക് ടൺ ഓക്സിജനുമായി കൊച്ചിയിൽ എത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഉച്ചയ്ക്കുശേഷം മൂന്നോടെ എത്തിയ കപ്പലിൽനിന്ന് ദ്രവീകൃത ഓക്സിജൻ കണ്ടെയ്നറുകൾ ഇറക്കി സർക്കാരിനു കൈമാറി. കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി കേന്ദ്ര സർക്കാരും നാവികസേനയും തയാറാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സമുദ്രസേതു രണ്ട്.
മെയ് 25 നാണ് 319 മെട്രിക് ടൺ ദ്രവീകൃത ഓക്സിജനുമായി പുറപ്പെട്ട കപ്പൽ മംഗലാപുരം തുറമുഖത്ത് എത്തിയത്. അവിടെ 1200 സിലിണ്ടറുകൾ ഇറക്കിയ ശേഷമാണ് കൊച്ചിയിലേക്കു പുറപ്പെട്ടത്.
ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായി വിവിധ കപ്പലുകൾ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ഓക്സിജനുമെല്ലാം വിവിധ രാജ്യങ്ങളിൽനിന്ന് എത്തിക്കുന്നതിനായി വിന്യസിച്ചിട്ടുണ്ട്. സൈനികർ, ടാങ്കുകൾ, വാഹനങ്ങൾ, ആയുധങ്ങൾ എന്നിവ വഹിക്കാൻ ശേഷിയുള്ള കപ്പലാണു ഐഎൻഎസ് ഷാർദുൽ.
കൊച്ചി നേവൽ ബേസിന്റെ ഭാഗമായ ഈ കപ്പൽ നേരത്തെയും ഏതാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ മഡഗാസ്കറിലേയ്ക്ക് 600 മെട്രിക് ടൺ അരി എത്തിക്കുന്ന ദൗത്യം നിർവഹിച്ചിരുന്നു. ജൂണിൽ സമുദ്രസേതു ഒന്നിന്റെ ഭാഗമായി ഇറാനിൽനിന്നുള്ള 233 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്ന ദൗത്യവും നിർവഹിച്ചു.
Discussion about this post