ചാണകത്തില്‍ നിന്ന് ഇഷ്ടികയും സിമന്റും പെയിന്റും നിര്‍മിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന റോഹ്തക് ജില്ലയിലെ മേദിന സ്വദേശിയായ പ്രഫസര്‍ ശിവദര്ശന് മാലിക്. ആറ് വര്‍ഷമായി താന്‍ ചാണകത്തില്‍ നിന്ന് സിമന്റ്, ഇഷ്ടിക, പെയിന്റ് എന്നിവ ഉത്പാദിപ്പിക്കുന്നതായി രസതന്ത്രത്തില്‍ പിഎച്ച്ഡി നേടിയ ശിവദര്ശന് പറയുന്നു.
നിരവധി പേര്‍ക്ക് ഇതില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ചാണകത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കുന്ന കര്‍ഷകര്‍ ബാക്കിവരുന്ന ചാണകം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടപ്പോഴാണ് അദ്ദേഹം പുതിയ പരിക്ഷണത്തിന് മുതിര്‍ന്നത്.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചശേഷം വലിയ അളവില്‍ ചാണകം പാഴാക്കുകയോ ചാണക വറളി ഉണ്ടാക്കാന്‍ മാത്രം ഉപയോഗിക്കുകയോ ചെയ്യുന്നുവെന്നാണ് ശിവദര്ശന് പറയുന്നത്. ഇന്ത്യയില്‍ പ്രതിദിനം 33 മുതല്‍ 40 ദശലക്ഷം ടണ്‍ വരെ ചാണകമാണ് ഉത്പാദിപ്പിക്കുന്നത്. ചാണകത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഇദ്ദേഹം അതിന്റെ താപനിയന്ത്രണ കഴിവിലാണ് ശ്രദ്ധയൂന്നിയത്. ശൈത്യകാലത്ത് വീടുകളെ ചൂടാക്കാനും വേനല്‍ക്കാലത്ത് തണുപ്പിക്കാനും ഈ കഴിവ് ഉപയോഗിക്കാമെന്ന് ഇദ്ദേഹം പറയുന്നു.
റോഹ്തകിലെ ഒരു കോളജില്‍ ഏതാനും മാസം പ്രഫസറായി ജോലി ചെയ്ത ഡോ. ശിവദര്ശന് മാലിക് 2004-ല്‍ ഡല്‍ഹി ഐഐടിയും ലോക ബാങ്കും സ്പോണ്സര് ചെയ്ത റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടില്‍ ചേര്‍ന്നു. 2005 ല്‍ യുഎന്‍ഡിപി പദ്ധതിയില്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍, അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോകാനുള്ള അവസരം ലഭിച്ചു, അവിടെ പരിസ്ഥിതി സൗഹൃദ വീടുകള്‍ നിര്‍മ്മിക്കുന്ന രീതികള്‍ പഠിച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് ചാണകത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം ആരംഭിച്ചത്. 2015-16-ലാണ് ചാണകം, ജിപ്സം, കളിമണ്ണ്, ലൈം എന്നിവ ചേര്‍ത്ത് സിമന്റ് ഉണ്ടാക്കിയത്. വേദ പ്ലാസ്റ്റര്‍ എന്ന പേരിലായിരുന്നു ഇത്. തുടര്‍ന്ന് രാജസ്ഥാനിലെ ബിക്കാനീറില്‍ ചാണക ഇഷ്ടിക നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു. ചൂളയില്‍ ചുട്ടെടുക്കുകയോ വെള്ളം ഉപയോഗിക്കുകയോ ചെയ്യാതെയാണ് നിര്‍മാണം. ഇവിടെ 15 പേര് ജോലി ചെയ്യുന്നുണ്ട്. കൂടാതെ, ചാണകത്തില്‍ നിന്ന് വിവിധ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് ദിന പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. 2019-ല്‍ ചാണകത്തില്‍ നിന്ന് പെയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
ഇതുവരെ ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നൂറിലധികം പേര്‍ക്ക് പരിശീലനം നല്കി. ഇവര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ഉല്പന്നങ്ങള് ഉണ്ടാക്കി ഉപജീവനം നടത്തുന്നതായി ഇദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം തന്റെ കണ്ടുപിടിത്തത്തെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായും ഡോ. ശിവദര്ശന് പറഞ്ഞു.
Discussion about this post