ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനാൽ കർഫ്യൂ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ലഖ്നൗ, മീററ്റ്, സഹരൺപുർ, ഗോരഖ്പുർ എന്നീ ജില്ലകൾ ഒഴികെ മറ്റെല്ലായിടങ്ങളിലും കർഫ്യൂ പിൻവലിക്കാനാണ് ഉത്തരവ്.
മുൻ നിര എന്നവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പലതും കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ മുട്ടു മടക്കിയപ്പോഴാണ് കൃത്യമായ നടപടികളിലൂടെ ഉത്തർ പ്രദേശ് രോഗവ്യാപനം ചെറുത്തത്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു, മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്നു, തുടങ്ങിയ ആരോപണങ്ങൾ ബിബിസി മുതൽ മഞ്ഞ പത്രങ്ങൾ വരെ ഏറ്റെടുത്ത് പ്രചരിപ്പിച്ചപ്പോഴും പ്രതിച്ഛായാ നിർമ്മാണത്തിലോ പി ആർ വർക്കിലോ ശ്രദ്ധ പതിപ്പിക്കാതെ കൃത്യമായ പദ്ധതികൾ നടപ്പിലാക്കിയാണ് ഇരുപത് കോടി ജനസംഖ്യയുള്ള ഉത്തർ പ്രദേശ് മഹാമാരിയെ അതിജീവിച്ചത്.
ഉത്തർ പ്രദേശിൽ ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. ആരോഗ്യ പരിപാലനത്തിൽ ഒന്നാം സ്ഥാനത്ത് എന്ന് സ്വയം അവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പോലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ഉത്തർപ്രദേശ് സർക്കാരിന്റെ ‘യോഗി മോഡൽ’ (ടെസ്റ്റ്-ട്രെയ്സ്-ട്രീറ്റ് (ടി3)) ആണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വിലയിരുത്തുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രത, ധീരമായ തീരുമാനങ്ങൾ, വേഗത്തിലുള്ള നടപടികൾ എന്നിവ കാരണം സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.4 ശതമാനം വരെ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
‘യോഗി മോഡൽ’ നടപ്പാക്കിയതിനാൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഗംഗയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന തരത്തിൽ വന്ന വാർത്തകളെ ഉത്തർ പ്രദേശ് സർക്കാർ അവഗണിച്ചപ്പോൾ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ചില സംഘടനകൾ ഇതിലെ വാസ്തവ വിരുദ്ധത ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ചില മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ പിൻവലിച്ച് ക്ഷമാപണം നടത്തിയിരുന്നു. ഉത്തരാഖണ്ഡ് പ്രളയത്തിന്റെയും ഉംപുൻ ചുഴലിക്കാറ്റിന്റെയും വരെ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിരുന്നു.
അതേസമയം രാജ്യം കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറുന്നതായാണ് റിപ്പോർട്ട്. പ്രതിദിന രോഗബാധാ നിരക്കും മരണ നിരക്കും രാജ്യത്ത് ദിനംപ്രതി കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകളാണ്. രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,89,232 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്. രാജ്യത്ത് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 23,13,22,417 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.








