ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ കണ്ടിട്ടില്ല, അനുഭവിക്കേണ്ടിവന്നിട്ടില്ല, ശക്തമായി തന്നെ ഇനിയും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി രാജ്യം പോരാടുകയാണ്. ഈ പോരാട്ടത്തിൽ പല പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുണ്ട് രാജ്യത്ത്. അവർക്കൊപ്പം ഞാൻ എല്ലാ വേദനയും പങ്കുവയ്ക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മെഡിക്കൽ ഓക്സിജന് വലിയ ക്ഷാമമനുഭവപ്പെട്ട കാലമാണ് കടന്നുപോയത്. ഇത്രയധികം മെഡിക്കൽ ഓക്സിജന് ആവശ്യം ഉണ്ടായ കാലമുണ്ടായിട്ടില്ല. ആവശ്യമുള്ളയിടങ്ങളിലേക്ക് എല്ലാം ഓക്സിജൻ എത്തിക്കാനായി. അത് വഴി രാജ്യത്തെ ആരോഗ്യമേഖലയിൽ വലിയൊരു മുന്നേറ്റം സാധ്യമായി.
വാക്സിൻ വികസിപ്പിക്കാനായത് രാജ്യത്തിന്റെ വലിയ നേട്ടമാണ്. വിദേശത്ത് നിന്ന് വാക്സിനേഷൻ എത്തിക്കാൻ വർഷങ്ങളെടുത്തത് നമ്മൾ കണ്ടതാണ്. പോളിയോ അടക്കമുള്ള വാക്സീനുകൾക്ക് വർഷങ്ങൾ ഇന്ത്യൻ ജനം കാത്തിരുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.









