ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസ്നിലാൻഡ് മാതൃകയിൽ ആധുനിക തീം പാർക്ക് നിർമ്മിക്കാൻ തീരുമാനം. രാമായണം, മഹാഭാരതം തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലായിരിക്കും പാർക്കിന്റെ നിർമ്മാണം. പ്രസിദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപമായിരിക്കും പാർക്കിന് വേണ്ടി സ്ഥലം കണ്ടെത്തുക.
വിനോദത്തിനും വിജ്ഞാനത്തിനും ഐതിഹ്യകഥകളുടെ പ്രചാരണത്തിനും പ്രാമുഖ്യം നൽകിയായിരിക്കും പാർക്ക് നിർമ്മിക്കുക. ടൂറിസത്തിന്റെ വികസനത്തിലൂടെ ജമ്മു കശ്മീരിന്റെ സാമ്പത്തിക പുരോഗതിയാണ് കത്ര പാർക്കിന്റെ ലക്ഷ്യം.
500 കോടി രൂപയുടെ പദ്ധതിയാണ് പാർക്കിന് വേണ്ടി തയ്യാറാക്കുന്നത്. ഡിസ്നിയെ പോലുള്ള അന്താരാഷ്ട്ര പങ്കാളികളെയും ഉൾപ്പെടുത്തും. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരകളായ കശ്മീരി യുവാക്കൾക്ക് വലിയ തൊഴിൽ സാദ്ധ്യതകൾ തുറന്നിടുന്നതാണ് പാർക്കിന്റെ നിർമ്മാണം.
വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സ്ഥലമാണ് വൈഷ്ണോ ദേവി ക്ഷേത്രം. ഇവിടെ വരുന്ന തീം പാർക്ക്, വലിയ തോതിൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കണക്ക്കൂട്ടൽ. പിപിപി അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് ജമ്മു കശ്മീർ സർക്കാർ.
Discussion about this post