ഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദേശം. ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താൻ കേന്ദ്രസര്‍ക്കാർ അറിയിപ്പ് നൽകി.
നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതര്‍. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്.
അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോട് ജൂണ്‍ 16 മുതല്‍ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതി പേര്‍ ഓഫീസില്‍ എത്തിയാല്‍ മതി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അവശേഷിക്കുന്നവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി ചെയ്യണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും സമാനമായ നിലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post