ഡല്‍ഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമഭേദഗതിയുമായി ഈ വിജ്ഞാപനത്തിന് ബന്ധമില്ലെന്നും ലീഗിന്‍റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പടെ ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ മെയ് 28ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സമാനസ്വഭാവമുള്ള വിജ്ഞാപനം പുറത്തിറക്കി എന്നാരോപിച്ചാണ് മുസ്ലീം ലീഗ് ഹര്‍ജി നല്‍കിയത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കേസ് കോടതി നാളെ പരിഗണിക്കും.
ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നുള്ള മെയ് 28ലെ സര്‍ക്കാര്‍ വിജ്ഞാപനം 1955 ലെ പൗരത്വ നിമയപ്രകാരമുള്ളതാണ്. ഈ വിജ്ഞാപനവും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് 1955 ലെ നിയമപ്രകാരം സാധിക്കുമെങ്കിലും അതില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകില്ല എന്നതാണ് മുസ്ലീം ലീഗിന്‍റെ വാദം.
Discussion about this post