ഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി ‘കോവിന്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുകയും സമയം നിശ്ചയിക്കുകയും ചെയ്യാതെ തന്നെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഇനി വാക്സിനേഷന് കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. വാക്സിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
രാജ്യത്തെ ഗ്രാമീണ മേഖലകളിലടക്കം വാക്സിനേഷന് യജ്ഞത്തിന് വേഗത പോരെന്ന ആക്ഷേപം മറികടക്കാനാണ് ഈ നീക്കം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനം ആളുകളെ വാക്സിനേഷന് വിധേയമാക്കിയിട്ടുണ്ട്. 11 ശതമാനം ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു.
വാക്സിന് നയം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 108 കോടിയാളുകളെയും വാക്സിനേഷന് വിധേയമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post