2014ല്‍ 130 ഓളം ഭീകരരെ നുഴഞ്ഞ് കയറ്റത്തിനിടെ സൈന്യം വധിച്ചു
ലക്നൗ: എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നുഴഞ്ഞു കയറ്റം സംബന്ധിച്ച കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. 2012ല്‍ 264 പേരും 2013ല്‍ 277 പേരും നുഴഞ്ഞ് കയറി. എന്നാല്‍ 2014ല്‍ 52പേരാണ് നുഴഞ്ഞ് കയറിയത്. 2015ല്‍ ഇതുവരെ 15 പേര് മാത്രമാണ് നുഴഞ്ഞ് കയറിയത്. അതേസമയം 2014 മുതല്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 130ഓളം ഭീകരരെ സൈന്യം വധിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ആഗോള തലത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന ഐസിസിന് ഇന്ത്യയില്‍ ശൃംഘല വികസിപ്പിക്കാന്‍ കഴിയില്ലെന്നും. ഇത് ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികളുടെ ഉറച്ച നിലപാട് കാരണമാണെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
പാകിസ്ഥാന് ഇന്ത്യക്കെതിരെ നിഴല്‍യുദ്ധം നടത്തുകയാണ്. പാകിസ്ഥാന് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുണ്ട്. പാകിസ്ഥാനുമായും ചൈനയുമായുള്ള അതിര്‍ത്തികള്‍ വളരെയധികം അസ്വസ്ഥമാണെന്നും അത് പരിഗണിച്ചു കൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവില്‍ ഹിന്ദുസ്ഥാന്‍ മീഡിയ വെന്‍ച്വേര്‍സ് സംഘടിപ്പിച്ച ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഇടതുപക്ഷ തീവ്രവാദം രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ്. രാജ്യത്തെ 10 സംസ്ഥാനങ്ങളും 125 ജില്ലകളും മാവോയിസ്റ്റ് ഭീഷണിയിലാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിലെ ആശങ്കയും രാജ്നാഥ് സിംഗ് പങ്കുവച്ചു. യു.എ.ഇയുമായി ഒപ്പിട്ട ഭീകരവിരുദ്ധ, ഇന്റലിജന്‍സ് സഹകരണ കരാര്‍ നയതന്ത്രതലത്തില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post