കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ഭർത്താവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. നിലവിൽ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കേസിൽ കിരൺ കുമാറിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നത് സ്ഥിരീകരിച്ച ശേഷം കടുത്ത നടപടികൾ ഉണ്ടായേക്കും.
അതേസമയം വിസ്മയയുടെ വീട്ടിൽ കയറി സഹോദരനെയും വിസ്മയയെയും കയ്യേറ്റം ചെയ്ത കേസ് ഒത്തുതീർപ്പാക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെടുന്നു. സംഭവ ദിവസം മദ്യലഹരിയിൽ വാഹനമോടിക്കുകയും സബ് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിട്ടും ചില പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു. ഇതിനായി ഇവർ വിസ്മയയുടെ ബന്ധുക്കളെ സ്വാധീനിച്ചതായും ആരോപണമുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായ കിരൺ കുമാറിന്റെ ഉന്നത സ്വാധീനത്തിന്റെ തെളിവായും ഇതൊക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post