തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ മറവിൽ മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ സർവസാധാരണമായിട്ടും വിഷയത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗത പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. സ്വർണ്ണക്കടത്തിന്റെ പേരിൽ രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായി ദിവസം മൂന്ന് കഴിഞ്ഞിട്ടും ഇപ്പോഴും പൊലീസും ഇരുട്ടിൽ തപ്പുകയാണ്.
സംഭവം നടന്ന് ഇത്രയുമായിട്ടും അപകടം നടന്നത് എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കാന്‍ ഇപ്പോഴും പൊലീസിന് സാധിക്കുന്നില്ല. ജീപ്പ് മൂന്നുകരണം മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. ജീപ്പിനെ പിന്തുടര്‍ന്ന വാഹനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനായെങ്കിലേ അന്വേഷണം മുന്നോട്ട് പോകൂ. ഇതിനായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
അതിനിടെ ലോറി ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എ.സിദ്ദിഖ് സ്ഥിരീകരിച്ചു. കറുത്ത നിറത്തിലുള്ള ഒരു കാര്‍ രക്ഷപ്പെട്ടു പോയെന്ന് ദൃക്സാക്ഷിയുടേതായി പ്രചരിക്കുന്ന ഒാഡിയോ സന്ദേശത്തിലും ദുരൂഹത തുടരുകയാണ്.
രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ 15 അംഗ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിലെ എട്ടുപേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഈ കവര്‍ച്ചയ്ക്കായി ടിഡിവൈ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സലീമിനെ ചോദ്യം ചെയ്തതിൽ നിന്നും ചില സൂചനകൾ ലഭിച്ചതായാണ് വിവരം.
നേരത്തെ ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന 2 കിലോ 330 ഗ്രാം സ്വര്‍ണ്ണവുമായി മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായിരുന്നു. കൊടുവള്ളിയില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കാന്‍ സംഘമെത്തിയത് മഹീന്ദ്ര ഥാറിലും മറ്റൊരു കാറിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നോട്ട് നിരോധനത്തിന് ശേഷം കേരളത്തിൽ സ്വർണ്ണക്കടത്ത് വലിയ തോതിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വലിയ തോതിൽ സ്വർണ്ണം പിടികൂടുന്ന സംഭവങ്ങൾ നിരവധിയാണ്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെട്ട സ്വർണ്ണക്കടത്ത് കേസ് നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരികയാണ്.
Discussion about this post