കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ ക്വറന്റീന്‍ ചട്ടങ്ങൾ ലംഘിച്ചുവെന്നും, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ദ്വീപിലെത്തിയ ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തില്‍ പങ്കെടുക്കുകയും, രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇത് വ്യക്തമായതോടെ ഐഷ സുല്‍ത്താന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള അനുമതി മാത്രമാണ് ഐഷയ്ക്ക് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലി താക്കീത് ചെയ്തിരുന്നു. എന്നാല്‍, കളക്ടറുടെ മുന്നറിയിപ്പും ഐഷ അവഗണിച്ചതോടെയാണ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യദ്രോഹക്കേസില്‍ ഐഷയെ കവരത്തി പോലീസ് രണ്ട് ദിവസം ചോദ്യം ചെയ്തു. ഒന്‍പത് മണിക്കൂറോളമാണ് ഐഷയെ കവരത്തി പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, വീണ്ടും വിളിപ്പിക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ദ്വീപില്‍ തുടരണമോയെന്ന് വ്യാഴാഴ്ച പറയാമെന്ന് പൊലീസ് പറഞ്ഞു.








