ഡല്‍ഹി: വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂയെന്നും, കോവിഡ് വാക്സിനുകള്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
”നിലവില്‍ ലഭ്യമായ വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താന്‍ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്സിനുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ.” ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് -19 വാക്സിനേഷന് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും, വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് മന്ത്രാലയം പറഞ്ഞു.
കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറയും ഇത്തരം ആരോപണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പോളിയോ വാക്സിന് നല്കുമ്പോള്, വാക്സിന് സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ വന്ധ്യത ഉണ്ടായേക്കുമെന്ന് ഇന്ത്യയിലും വിദേശത്തും തെറ്റായ പ്രചാരണമുണ്ടായിരുന്നുവെന്ന് അറോറ ചൂണ്ടിക്കാട്ടി. എല്ലാ വാക്സിനുകളും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതാണെന്നും വാക്സിനുകള്‍ക്കൊന്നും ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങളില്ലെന്നും ഡോ. അറോറ ഉറപ്പ് നല്കി.
Discussion about this post