‘കേരളത്തിൽ പുതിയ സംരംഭം തുടങ്ങിയാൽ പണവും കഴിവും നഷ്ടമാകും‘; നിക്ഷേപ സൗഹൃദ രംഗത്ത് കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് കിറ്റെക്സ് എം. ഡി. സാബു എം ജേക്കബ്

Published by
Brave India Desk

കേരളത്തിൽ പുതിയ സംരംഭം തുടങ്ങിയാൽ പണവും കഴിവും നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിക്ഷേപ സൗഹൃദ രംഗത്ത് കേരളം യുപിയെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്യോഗസ്ഥ പീഡനം സഹിക്കവയ്യാതെ 3500 കോടി രൂപയുടെ ബൃഹദ് പദ്ധതികൾ കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന് കമ്പനി തിരുമാനിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങൾ ഇതിനോടകം കിറ്റെക്സിന് ഒട്ടേറെ നിക്ഷേപ സൗഹൃദ വാഗ്ദാനങ്ങൾ നൽകി സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ പതിനൊന്ന് പരിശോധനകൾ നടത്തിയിട്ടും കുറ്റങ്ങൾ പാർട്ടി ഓഫീസിലിരുന്ന് എഴുതി ചേർക്കേണ്ടി വന്നതായി സാബു എം ജേക്കബ് പരിഹസിച്ചു. കിറ്റെക്സ് കേരളത്തിൽ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് ലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞപ്പോൾ തമിഴ്നാട്, ഗുജറാത്ത്, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉദാരമായ സമീപനം സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

നിക്ഷേപസൗഹൃദ റാങ്കിംഗിൽ പിന്നിലായിരുന്ന യുപി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്നു നാം മനസ്സിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങൾക്ക് ക്ലിയറൻസ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷമാണ് തന്റെ സ്ഥാപനത്തിന് നേരെ ഈ രീതിയിൽ നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത് തന്റെ മാത്രം പ്രശ്നമായി കാണുന്നില്ല. ഗൾഫിലും മറ്റും പോയി സമ്പാദിക്കുന്ന പണം ഇവിടെ വ്യവസായം തുടങ്ങാൻ ചെലവഴിക്കുന്നവന് നഷ്ടം മാത്രമാണ് കിട്ടുന്നത്. വ്യവസായസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ 18–ാം സ്ഥാനത്തുനിന്ന് നാം 28–ാം സ്ഥാനത്ത് എത്തിയത് എങ്ങനെയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Leave a Comment

Recent News