കോട്ടയം: സാഹചര്യങ്ങളോട് പടവെട്ടി സബ് ഇൻസ്പെക്ടർ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് ആരോപണം. ബിജെപി നേതാവ് രേണു സുരേഷാണ് വാർത്ത പുറത്തു വിട്ടത്.
ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎൽഎ വൈക്കത്ത് ഉണ്ടെന്നു കേൾക്കുന്നുവെന്നാണ് രേണു സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎൽഎയെ കണ്ടപ്പോൾ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തിൽ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് മുൻപ് ആനി ശിവ വൈക്കം പൊലീസ് സ്റ്റേഷനിൽ പ്രബേഷൻ എസ്ഐ ആയി ജോലി ചെയ്യുന്ന കാലത്തായിരുന്നു സംഭവം.
സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എം എൽ എയും സർവ്വോപരി സ്ത്രീയുമായ സി കെ ആശയുടേത് ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാർഷ്ട്യത്തിന്റെയും കഥയാണെന്ന് രേണു സുരേഷ് പറയുന്നു. അറിഞ്ഞ വിവരങ്ങൾ സത്യമാണ് എങ്കിൽ എത്ര ഹീനമായ മനസ്സാണ് വൈക്കം എം എൽ എയുടേത് എന്ന് താൻ അത്ഭുതപ്പെട്ട് പോവുകയാണെന്നും രേണു സുരേഷ് പറയുന്നു.
ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ സി കെ ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ. രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഫീലിംഗ് ഇറിറ്റേറ്റഡ് എന്ന് ഫേസ്ബുക് പോസ്റ്റിട്ട ഒരു ജനപ്രധിനിധിയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ലെന്നും രേണു സുരേഷ് പറയുന്നു.
https://www.facebook.com/renu.suresh.543/posts/1628883493982066
എന്നാൽ പ്രചാരണം തെറ്റാണെന്ന് സി.കെ.ആശ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ആനി ശിവയുടെ നിലപാട്.
Discussion about this post