ഷൊര്‍ണൂര്‍: ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂര്‍ക്കുന്നില്‍ വ്യാജ ഹാന്‍സ് നിര്‍മാണ യൂനിറ്റ് കണ്ടെത്തി. എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡില്‍ 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാന്‍സ്, നിര്‍മാണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പ് , രുചിക്കും മണത്തിനും ലഹരിക്കും ചേര്‍ക്കുന്ന വിവിധ രാസവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു.
നിര്‍മാണത്തിനും പാക്കിങ്ങിനുമായി സജ്ജമാക്കിയ രണ്ട് മെഷീനുകള്‍, പാക്കറ്റുകള്‍ എന്നിവയും കണ്ടെടുത്തു. നടത്തിപ്പുകാരനായ കടമ്പഴിപ്പുറം ആലങ്ങാട് കുണ്ടുപാരത്തൊടി പ്രതീഷ് (37), അസം സ്വദേശികളും തൊഴിലാളികളുമായ ഹബീബ് റഹ്മാന്‍, ഭാര്യ ഷഹ്നാജ് എന്നിവരെ അറസ്റ്റ് ചെയ്തു.
പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെര്‍പ്പുളശ്ശേരി എക്സൈസ് റേഞ്ച് സംഘവും ഷൊര്‍ണൂര്‍ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കയിലിയാട് ചെറുമുളയന്‍ കാവിന് സമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റ് കണ്ടെത്തിയത്.
Discussion about this post