കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന് ആയിരുന്നുവെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്.
എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന് ആയതിനാലാണ്. ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രധാനമായ ബജറ്റ്, ധന ബില്‍ അവതരണമാണ് കേരള നിയമ സഭയില്‍ തടസപ്പെട്ടത്. കേരള നിയമസഭയില്‍ നടന്ന കൈയ്യങ്കാളി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. എംഎല്‍എമാര്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പാര്‍ലമെന്റിലും ഇത്തരം നടപടികള്‍ ഉണ്ടാവുന്നുണ്ട്. ഇതിനോട് യോജിക്കാന്‍ കഴിയില്ല.
സഭയില്‍ എംഎല്‍എമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കേസ് പരിഗണിക്കവേ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു.
അതേസമയം, സര്‍ക്കാര്‍ നിലപാട് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കും. ജോസ് കെ മാണിയുള്‍പ്പെട്ട കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷത്ത് നില്ക്കുമ്പോള് സംസ്ഥാനം മാണിക്കെതിരെ സ്വീകരിച്ച നിലപാട് മുന്നണിയിലും ചര്‍ച്ചയായേക്കും.
നിയമസഭാ കയ്യാങ്കളി കേസ് കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത് എന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.
കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇ പി.ജയരാജന്, കെ ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്. പ്രതികള്‍ വിചാരണ നേരിടണം എന്നും ഹൈക്കോടതി വിധിച്ചിരുന്നു.
Discussion about this post