ലഖ്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിച്ചു. 89 വയസ്സുള്ള കല്യാണ്‍ സിങ്ങിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ലഖ്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഐസിയുവിലാണ് അദ്ദേഹം. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. എന്നാല്‍ പൂര്‍ണ ബോധവാനായിരുന്നില്ല. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു അധികൃതര്‍ അറിയിച്ചു. രാജസ്ഥാന് മുന്‍ ഗവര്‍ണറായും സേവനം ചെയ്തിട്ടുള്ള കല്യാണ്‍ സിങ്ങിനെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിച്ചു.
കല്യാണ്‍ സിങ്ങിന്റെ മകന് രാജ്വീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജസ്ഥാന് മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി മേധാവി സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ ഡോ. ആര് കെ ധിമാന്റെ നേതൃത്വത്തില്‍ 10 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് 89 കാരനായ കല്യാണ്‍സിങിനെ ചികില്സിക്കുന്നത്.
Discussion about this post