ന്യൂഡൽഹി; ചെെനയുടെ വായ്പ കെണിയിൽ കുടുങ്ങി പ്രതിസന്ധിയിലായി ശ്രീലങ്ക. ഇതിന് പിന്നാലെ 20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യൻ, റഷ്യൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ച് ശ്രീലങ്ക.
ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് പ്രഖ്യാപനം. ഹാംബൻതോട്ടയിലുള്ള മട്ടല രാജപക്സ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യയുടെ ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, റഷ്യയുടെ എയർപോർട്ട്സ് ഒഫ് റീജൻസ് മാനേജ്‌മെന്റ് കമ്പനി എന്നിവയ്ക്ക് 30 വർഷത്തേക്കാണ് നൽകുന്നത്. എത്ര തുകയ്ക്കാണ് കരാർ എന്ന് ശ്രീലങ്ക വ്യക്തമാക്കിയിട്ടില്ല.
കൊളംബോയിലെ ബണ്ഡാരനായകെ, രത്മനാല വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയുടെ അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്‌തെന്ന് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അതേ സമയം, കൊളംബോ തുറമുഖത്ത് അദാനി പോർട്ട്സ് നിർമിക്കുന്ന കണ്ടെയ്നർ ടെർമിനലിന് 553 മില്യൺ ഡോളർ സഹായം നൽകുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുമായി അടുപ്പം പുലർത്തുന്ന റെനിൽ വിക്രമസിംഗെ പ്രസിഡന്റായ ശേഷം തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ് ശ്രീലങ്ക. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ നഷ്ടം നികത്താനാണ് ശ്രമം.
Discussion about this post