ഡല്‍ഹി: മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ടാമത്തെ മലയാളിയായി സത്യപ്രതിജ്ഞ ചെയ്തത് രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ്. വി. മുരളീധരനാണ് മന്ത്രിസഭയിലെ മറ്റൊരു മലയാളി. മറ്റു മുതിര്‍ന്ന മന്ത്രിമാരെ ഉള്‍പ്പെടെ ഒഴിവാക്കിയപ്പോള്‍ വി. മുരളീധരനെ നിലനിറുത്തുകയായിരുന്നു,
43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. സര്‍ബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുന്‍ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മദ്ധ്യപ്രദേശില്‍ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്.
ജനതാദള്‍ യു നേതാവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആര് പി സി സിംഗ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമന്‍. എല്‍.ജെ.പി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമന്.
നിലവില്‍ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി. നിലവില്‍ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറില്‍ നിന്നുള്ള ലോക്സഭാംഗം രാജ്കുമാര് സിംഗിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. മന്ത്രിമാര്‍ക്ക് നാളെ രാഷ്ട്രപതി ഭവനില്‍ ചായ സത്കാരം ഉണ്ടാകും.
Discussion about this post