കൊടുങ്ങല്ലൂർ (തൃശൂർ): കരൂപടന്നയിൽ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ പക്കൽനിന്ന് 1,79,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്‍റെ (കുഞ്ഞൻ – 33) പക്കൽനിന്നാണ് കള്ളനോട്ടുകൾ പൊലീസ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാത്രി 10.30നാണ് ജിത്തു അപകടത്തിൽപ്പെടുന്നത്. ഇയാളെ അതുവഴിയെത്തിയ യാത്രികർ ചേർന്ന് മോഡേൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മരുന്നുകൾക്കും ടെസ്റ്റുകൾക്കും ചെലവായ ബിൽ അടക്കാനാവശ്യപ്പെട്ടപ്പോൾ ഒരുകെട്ട് അഞ്ഞൂറിന്‍റെ നോട്ടുകളാണ് നൽകിയത്. ഈ നോട്ടുകൾ ടെല്ലിങ്ങ് മെഷീനിൽ എണ്ണിയപ്പോൾ കള്ളനോട്ടുകളാണെന്ന് മനസ്സിലായി. ഉടൻ ആശുപത്രിക്കാർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് 500ന്‍റെ കള്ളനോട്ട് കെട്ടുകൾ ഇയാളുടെ പോക്കറ്റുകളിൽനിന്ന് കണ്ടെടുത്തത്. ഇരിങ്ങാലക്കുട പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ഏറ്റെടുത്ത് ജിത്തുവിന്‍റെ വീട്ടിൽ റെയ്ഡ് നടത്തി.











