കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ഇവരുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് ഇടപാടുകളിൽ സംശയമുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കവരത്തി പൊലീസ് കൊച്ചിയിൽ തന്നെ തുടരുമെന്നാണ് സൂചന. ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നു.
കേന്ദ്ര സർക്കാർ കൊവിഡിനെ ലക്ഷദ്വീപിൽ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന ഐഷ സുൽത്താനയുടെ പരാമർശം വിവാദമായിരുന്നു. മീഡിയ വൺ ചാനൽ ചർച്ചക്കിടെയായിരുന്നു ഐഷയുടെ പരാമർശം. ഇതിനെതിരെ യുവമോർച്ച വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബിജെപി ലക്ഷദ്വീപ് ഘടകത്തിന്റെ പരാതിയിൽ കവരത്തി പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.








