യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മെയ് 31 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനുളളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്. കൊറോണ പരിശോധനയില്‍ നെഗറ്റീവ് ആവുകയും തുടര്‍ന്ന് കൊറോണാനന്തരം രോഗങ്ങള്‍ ബാധിച്ച് മരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി അപേക്ഷകൾ സ്വീകരിച്ചിരുന്നു. 3,092 അപേക്ഷകളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2,020 പേർ ഡ്യൂട്ടിയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചതാണെന്നും നഷ്ടപരിഹാരത്തിന് അർഹരാണെന്നും കണ്ടെത്തി.







