കോട്ടയം: കോട്ടയത്ത് കാറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച വളർത്തു നായ ചത്തു. സംഭവത്തിൽ കോട്ടയം കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസ് എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് പിടികൂടി. കോട്ടയം അയർകുന്നത്ത് ഇന്നലെ രാവിലെ 6.30 നായിരുന്നു കൊടും ക്രൂരത.
എന്നാൽ സംഭവത്തെക്കുറിച്ച് അറസ്റ്റിലായ ജെഹു തോമസ് പൊലീസിനു നൽകിയ മൊഴി ഇപ്രകാരമാണ്. വീട്ടിലുള്ളവർക്ക് വാക്സിൻ എടുക്കുന്നതിനായി ഇന്നലെ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി എടിഎമ്മിൽ പൈസ എടുക്കാൻ ആണ് പോയത്. വാഹനത്തിനു പിന്നിൽ പിതാവ് പട്ടിക്കുട്ടിയെ കെട്ടിയിരുന്നു. വീട്ടിലെ പട്ടിക്കൂട് തകർന്നതിനാൽ വാഹനത്തിനു പിന്നിൽ ആണ് വളർത്തുനായയെ കെട്ടിയിട്ടത്.
പിതാവാണ് രാത്രി വൈകി നായെ കാറിനു പിന്നിൽ കെട്ടിയിട്ടത്. അതിരാവിലെ എടിഎമ്മിൽ പോകാനിറങ്ങിയപ്പോൾ വാഹനത്തിനു പിന്നിൽ പട്ടിയെ കെട്ടിയ കാര്യം താൻ ശ്രദ്ധിച്ചിരുന്നില്ല. ഏറെദൂരം വണ്ടി ഓടിച്ചു കഴിഞ്ഞപ്പോൾ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. പക്ഷേ അപ്പോഴേക്കും പട്ടി ചത്തു പോയിരുന്നു.
ഈ മൊഴി വിശ്വസിക്കണോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുത്തിട്ടില്ല. സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരമാണ് പൊലീസ് കെസെടുത്തിരിക്കുന്നത്. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അയർക്കുന്നം പോലീസ് പ്രതിയെ കണ്ടെത്തിയത്.
Discussion about this post