രാമായണ മാസമായ കർക്കിടകത്തിൽ അയോധ്യയിൽ ദർശനം നടത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അദ്ദേഹം നേരിൽ നോക്കിക്കണ്ടു. യാത്രാനുഭവം കുമ്മനം ഫേസ്ബുക്കിൽ പങ്കു വെച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ;
ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ ക്ഷേത്രനിർമ്മാണം ധൃതഗതിയിൽ പുരോഗമിച്ചുവരുന്നു. ക്ഷേത്ര നിർമ്മാണ സ്ഥലവും സാമഗ്രികളുടെ നിർമ്മാണശാലയും രാം ലലാ ക്ഷേത്രവും ഇക്കഴിഞ്ഞ കാർസേവപുരവും ദർശിക്കാൻ കഴിഞ്ഞത് അനുഭൂതിദായകമായ നല്ലൊരു അനുഭവമായി. ഇടതൂർന്നു പെയ്യുന്ന മഴയിലും കഠിനാധ്വാനം ചെയ്ത് ക്ഷേത്ര നിർമ്മാണത്തിൽ വ്യാപൃതരായ പ്രവർത്തകർ , റോസ് മാർബിളിൽ കരവിരുതിലൂടെ തങ്ങളുടെ സർഗ്ഗവൈഭവം വെളിപ്പെടുത്തുന്ന ശിൽപ്പികൾ , ദേവീ ദേവന്മാരുടെ രൂപങ്ങളാൽ മെനഞ്ഞെടുത്ത തൂണുകൾ …. രാമ ജന്മഭൂമി വലിയൊരു ലോകാത്ഭുതത്തിന് അരങ്ങൊരുങ്ങുകയാണ്.
ക്ഷേത്ര നിർമ്മാണത്തിന് 15 മീറ്റർ താഴ്ചയിൽ 300 മീറ്റർ വീതിയിലും 400 മീറ്റർ നീളത്തിലും ഉള്ള അടിത്തറയുടെ പണികളാണ് ഇപ്പോൾ നടക്കുന്നത്. 9 മീറ്റർ പൊക്കത്തിൽ അടിത്തറയുടെ കോൺക്രീറ്റിംഗ് കഴിഞ്ഞു. ബാക്കി 6 മീറ്റർ കൂടി വാർത്തുകഴിഞ്ഞാൽ തറ നിരപ്പിൽ അടിത്തറ എത്തുമെന്ന് രാമജന്മഭൂമി ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് ജി പറഞ്ഞു.
“ക്ഷേത്രത്തിന്റെ അടിത്തറ ശക്തവും ബൃഹത്തുമായ ഒരു പാറയിലായിരിക്കും നിർമ്മിക്കുക. കല്പാന്തകാലത്തോളം ക്ഷേത്രം നിലനിൽക്കും. ഭാരതത്തിന്റെ സ്വാഭിമാനം ഉയർത്തിപ്പിടിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആദ്യ നില 2022 ഇൽ പൂർത്തിയാകും. ” അദ്ദേഹത്തിന്റെ വാക്കുകളിൽ അചഞ്ചലമായ ആത്മവിശ്വാസം . ആവേശം പകരുന്ന ആത്മാഭിമാനം.
ബാലാലയ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രത്തിൽ എപ്പൊഴും നല്ല തിരക്കാണ്. എങ്ങും രാമ മന്ത്ര ജപം.
അയോധ്യയിലെ ഹനുമാൻ ഗഡിയിൽ എപ്പൊഴും ഭക്തജനങ്ങളുടെ തിക്കും തിരക്കുമാണ്. ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ ശ്രീകോവിലിന് മുന്നിൽ പ്രധാന പൂജാരി രാജുദാസ് സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. പൂക്കളും ,ഹാരവും , ഷാളും മധുരപലഹാരങ്ങളും നൽകി ഉപചാരപൂർവ്വം എന്നെ സ്വീകരിച്ചാനയിച്ചു.
ശ്രീരാമ പട്ടാഭിഷേകത്തിന് ശേഷം തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്ന ആത്മസംതൃപ്തിയോടെ രാജധാനിയിൽ നിന്നും യാത്രയായ ഹനുമാനെ ശ്രീരാമൻ തടഞ്ഞു. ചക്രവർത്തിപദം നൽകി അഭിഷേകം ചെയ്ത് സർവ്വാരാധ്യ പുരുഷനായി പ്രഖ്യാപിച്ചു. ഹനുമാന്റെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ ഹനുമാൻ ഗഡി രാമ മന്ത്ര മുഖരിതമാണ്.
രാമായണ മാസാചരണം നടക്കുന്ന കേരളം എക്കാലവും രാമനോടൊപ്പം ഉണ്ടായിരിക്കുമെന്ന് മുഖ്യ പുരോഹിതൻ രാജുദാസ് വ്യക്തമാക്കുകയുണ്ടായി.
അയോധ്യാ യാത്രയുടെ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
https://www.facebook.com/kummanam.rajasekharan/posts/3987474378028986
Discussion about this post