തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റും ചോക്ലേറ്റും സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റില്‍ കായവും പുളിയും ഉള്‍പ്പെടുത്താനാണ് തീരുമാനം. സോഷ്യൽമീഡിയയിൽ ഇതിനെ ട്രോളി പോസ്റ്റുകൾ പ്രചരിക്കുകയാണ്.
കശുവണ്ടി പരിപ്പ് ലഭ്യമല്ലെന്ന് സപ്ലൈകോ മേഖലാ മാനേജര്‍മാര്‍ അറിയിച്ചതോടെയാണ് കായം, പുളി, ആട്ട, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും പകരം ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. സപ്ലൈകോ സിഎംഡി ആണ് ഓണക്കിറ്റില്‍ പുളിയോ കായമോ നല്‍കാമെന്ന് നിര്‍ദേശിച്ചത്. റീജിയണല്‍ മാനേജര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം.
ഓണക്കിറ്റില്‍ 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്‍റെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഉള്‍പ്പെടുത്താനാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ സര്‍ക്കാരിനെ ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തുകയായിരുന്നു.
‘കടംകേറി പരിപ്പിളകി ഇരിക്കുന്നവര്‍ക്ക് എന്ത് അണ്ടിപ്പരിപ്പ്, ഈ ഓണത്തിന് പുളി പായസം പൊളിക്കും’ എന്നാണ് ഒരാളുടെ കമന്റ്. ‘പായസത്തില്‍ കായവും പുളിയും ചേര്‍ക്കാമെന്നു ഭക്ഷ്യമന്ത്രിയുടെ കണ്ടുപിടുത്തം’ എന്നും ചിലർ ട്രോളുന്നുണ്ട്. അതേസമയം നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക.
Discussion about this post