കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദളിത് പീഡനം തുടർക്കഥയാകുന്നു. ഗൗണ്ടര്‍ സമുദായ അംഗത്തോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതിന് ദലിത് വില്ലേജ് ഓഫീസറെക്കൊണ്ട് കാലുപിടിപ്പിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ തീകൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
കോയമ്പത്തൂർ അണ്ണൂരിലുള്ള വില്ലേജ് ഓഫീസിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗൗണ്ടർ സമുദായത്തിൽപ്പെട്ട ഗോപിനാഥ് എന്നയാളുടെ രേഖകൾ കൃത്യമല്ലെന്നും ശരിയായ രേഖകളുമായി എത്തണമെന്നും വില്ലേജ് അസിസ്റ്റന്റ് ഓഫീസർ മുത്തു സ്വാമിയും വി ഇ ഒയായ കലൈ ശെൽവിയും ആവശ്യപ്പെട്ടു. പിന്നാലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഗോപിനാഥിനെ മുത്തു സ്വാമി തടഞ്ഞു. ഇതിനെത്തുടർന്ന് മുത്തു സ്വാമിയെ ഗോപിനാഥ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഗൗണ്ടർ വിഭാഗക്കാരനായ തന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഗ്രാമത്തിൽ താമസിക്കാൻ മുത്തുസ്വാമിയെ അനുവദിക്കില്ലെന്നും പച്ചയ്ക്ക് തീകൊളുത്തി കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇതിനു പിന്നാലെ മുത്തുസ്വാമി പൊട്ടിക്കരഞ്ഞു കൊണ്ട് ഗോപിനാഥിന്റെ കാലു പിടിക്കുകയും പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു.
സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന മറ്റൊരാൾ ഇതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
Discussion about this post