ആലപ്പുഴ: മണി ചെയിന് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്. ആലപ്പുഴ മുനിസിപ്പല് വട്ടയാല് വാര്ഡ് ഫാത്തിമ കോട്ടേജില് മുഹമ്മദ് സുഹൈലിനെയാണ് (20) ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. കോഴിക്കോട് ആസ്ഥാനമായ മൈ ക്ലബ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം മള്ട്ടിനാഷനല് കമ്പനിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഈ കമ്പനിയില് നിക്ഷേപം നടത്തിയാല് അധിക ലാഭവിഹിതം നല്കാമെന്ന് പറഞ്ഞ് മണിചെയിന് മാതൃകയില് നിരവധി യുവാക്കളില്നിന്ന് നിക്ഷേപം സ്വീകരിക്കുകയായിരുന്നു. മറ്റുള്ളവരിൽ നിന്നും വന്തുക കൈക്കലാക്കിയശേഷം ആര്ഭാട ജീവിതം നയിക്കുകയായിരുന്ന ഇയാളെ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച പരാതിയെത്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ഈ കേസില് കുടുതല്പേര് ഉള്പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എന്.ആര്. ജയരാജ്, സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്. സനല്, സബ് ഇന്സ്പെക്ടര് വി.ഡി. റെജി രാജ്, എ.എസ്.ഐമാരായ ബാബുരാജ്, സാനു എന്നിവര് നേതൃത്വം നല്കി.












