വാഷിങ്ടണ്‍: അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല, താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ കൈക്കലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
”അഫഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാല്‍ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ല. അതേസമയം അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരും”- വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ അഫ്ഗാനിസ്താന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമാണ്. രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് കടന്നുകയറി താലിബാന്‍ നിയന്ത്രണം ശക്തിപ്പെടുത്തുകയാണ്. വടക്കന്‍ പ്രവിശ്യയായ ബാഗ്ലാന്റെ തലസ്ഥാന നഗരമായ പുല്‍ ഇ ഖുംരിയും താലിബന്‍ ഭീകരര്‍ കീഴടക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താലിബാന്‍ പിടിച്ചെടുക്കുന്ന ഏഴാമത്തെ പ്രവിശ്യാ തലസ്ഥാനമാണിത്.
താലിബാന്‍ ആക്രമണം ചെറുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമസേനയോട് പിന്തുണ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.











