ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ സഹായിച്ചത് മുന്നണിപോരാളി കളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
“കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പകർച്ചവ്യാധി മൂലം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് കുകുറഞ്ഞിട്ടുണ്ടാകാം, എന്നാലും ഞങ്ങളുടെ ഹൃദയങ്ങൾ എപ്പോഴും ഉത്സാഹത്താൽ നിറഞ്ഞിരിക്കുന്നു. പകർച്ചവ്യാധിയുടെ തീവ്രത കുറഞ്ഞെങ്കിലും കൊറോണ വൈറസ് ഇതുവരെ പോയിട്ടില്ല. ”അദ്ദേഹം പറഞ്ഞു.
‘വിദേശത്തും രാജ്യത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാര്‍ഷിക വേളയില്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണ്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ എന്റെ ഹ്യദയം നിറഞ്ഞ് അഭിനന്ദനങ്ങള്‍’, രാഷ്ട്രപതി പറഞ്ഞു.
കോവിഡിന്റെ അടിയന്തര സാഹചര്യത്തില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കി സഹായിച്ച ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ നന്ദി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച എല്ലാപോരാളികളുടെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബഹുസ്വരമായ സംസ്‌കാരങ്ങളുടെയും ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെയും പശ്ചാത്തലത്തില്‍ ലോകത്തിന് മുന്നില്‍ അത്ഭുതമാകുകയാണ് ഇന്ത്യ. രാജ്യം കടന്നുവന്ന വഴികള്‍ ഓര്‍ത്ത് അഭിമാനിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ദിശയില്‍ വേഗത്തില്‍ നടക്കുന്നതിന് പകരം ശരിയായ ദിശയില്‍ പതിയെ നീങ്ങുവാന്‍ മഹാത്മഗാന്ധി വഴിക്കാട്ടി.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പോരാളികളായ തലമുറകളുടെ പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യമെന്ന നമ്മളുടെ സ്വപ്നം യഥാര്‍ഥ്യമായത്. മഹാത്മഗാന്ധിയടക്കമുള്ള ദേശത്തിന്റെ നായകര്‍ കോളനി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുകയും രാജ്യത്തെ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിനായി അഭിമാനകരമായ നേട്ടം കൈവരിച്ച താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കായികമേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടി വരുന്നതായും അദ്ദേഹം നിരീക്ഷിച്ചു.
Discussion about this post