പയ്യോളി : വ്യാഴാഴ്ച നിര്യാതനായ ദ്രോണാചാര്യ പുരസ്കാര ജേതാവും ഒളിമ്ബ്യന്‍ പി.ടി.ഉഷയുടെ കോച്ചുമായ പത്മശ്രീ ഒ.എം.നമ്പ്യാർക്ക് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഉഷയടക്കം നിരവധി കായിക താരങ്ങളെ പ്രശസ്തിയുടെ പടവുകളിലെത്തിച്ചതോടൊപ്പം നമ്പ്യാരിലൂടെ നാടിന് നഷ്ടമായത് മികച്ച സേവന – സന്നദ്ധമനസ്സിന്റെ ഉടമയെ കൂടിയായിരുന്നു.
രണ്ടര വര്‍ഷക്കാലം പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ട നമ്പ്യാര്‍ വ്യാഴാഴ്ച വൈകീട്ട് ആറോടെ സ്വവസതിയായ മണിയൂര്‍ മീനത്തുകര ഒതയോത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് പേരാണ് പരേതന് അന്ത്യോപചമര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
വ്യാഴാഴ്ച രാത്രി ഏറെ വൈകിയും വെള്ളിയാഴ്ച അതിരാവിലെ മുതല്‍ ശവസംസ്കാര ചടങ്ങുകള്‍ നടന്ന രാവിലെ പതിനൊന്ന് വരെയും നമ്പ്യാരെ അവസാനമായി ഒരു നോക്ക് കാണാനെത്തുന്നവരുടെ ഒഴുക്കായിരുന്നു. പൊതുവാഹന സൗകര്യമില്ലാഞ്ഞിട്ടും മണിയൂര്‍ ചെല്ലട്ടുപൊയില്‍ റോഡില്‍ നിന്നും ഒരു കിലോമീറ്ററകലെയുള്ള മീനത്തുകരയില്‍ സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.
സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വേണ്ടി വെള്ളിയാഴ്ച രാവിലെ പത്തോടെ മന്ത്രി വി.അബ്ദുറഹിമാന്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. കൂടാതെ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ക്കുവേണ്ടി വടകര ആര്‍.ഡി.ഒ സി. ബിജു , ഗോവ ഗവര്‍ണര്‍ അഡ്വ : പി.എസ്.ശ്രീധരന്‍പിള്ള, എം.എല്‍.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.കെ രമ, കെ.പി. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നമ്പ്യാര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.












