മാപ്പിള ലഹളയുടെ പ്രധാന സൂത്രധാരന്മാരായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസല്യാർ എന്നിവരുൾപ്പെടെ 387 പേരുടെ നാമങ്ങൾ ഭാരതസർക്കാർ പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന 1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടുവിൽ (Dictionary Of Martyrs- India’s Freedom Struggle (1857-1947)) നിന്നാണ് മാപ്പിളലഹളയിൽ പങ്കെടുത്ത 387 പേരുടെ പേരുകൾ നീക്കം ചെയ്തത്.
നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ പേരുകൾ പുനഃപരിശോധന ചെയ്യാൻ നിയമിച്ച മൂന്നംഗ കമ്മിറ്റിയാണ് ഈ മാറ്റം നിർദ്ദേശിച്ചത്. 1921ലെ മാപ്പിളലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും മതമൗലികവാദികൾ മതപരിവർത്തനം ആസൂത്രിതമാക്കി നടത്തിയ ലഹളയായിരുന്നെന്നും ഈ മൂന്നംഗ കമ്മിറ്റി കണ്ടെത്തി. ഈ ലഹളക്കാർ ഉയർത്തിയ ഒരൊറ്റ മുദ്രാവാക്യവും ദേശീയതയെ അനുകൂലിയ്ക്കുന്നതല്ലായിരുന്നെന്നും ബ്രിട്ടീഷുകാർക്കെതിരേയായിരുന്നില്ലെന്നും ഈ കമ്മിറ്റി കണ്ടെത്തി.
ഷരിയ കോടതികൾ സ്ഥാപിച്ചു കൊണ്ട് വളരെയധികം ഹിന്ദുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയയാളായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് . മതേതര നിലപാടുകാരായ മുസ്ലീങ്ങളെപ്പോലും അവരന്ന് വെറുതേ വിട്ടിരുന്നില്ല, ഹിന്ദുക്കളെ രക്ഷപെടാൻ സഹായിച്ച മുസ്ലീങ്ങളെപ്പോലും ലഹളക്കാർ അപായപ്പെടുത്തിയിരുന്നു. അതിനേക്കാളുപരി മാപ്പിള കലാപത്തിലെ രക്തസാക്ഷികൾ എന്ന പേരിൽ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരുന്നവരിൽ ഭൂരിഭാഗവും ജയിലിനുള്ളിൽ വച്ച് കോളറയോ മറ്റു രോഗങ്ങളോ വന്ന് മരണമടഞ്ഞവരായിരുന്നു. കയ്യിലെണ്ണാവുന്നവരെ മാത്രമേ ബ്രിട്ടീഷുകാർ വധിശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നുള്ളൂ എന്നും കമ്മിറ്റി കണ്ടെത്തി.
എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽത്തന്നെ ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിലെ അംഗമായ സി ഐ ഐസക് ഇവരുടെ പേരുകൾ ഈ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെപ്പോലെയുള്ളവർ കുപ്രസിദ്ധരായ മാപ്പിളലഹള നേതാക്കളാണെന്നും നിരപരാധികളായ അനേകം ഹിന്ദു പുരുഷന്മാരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും ക്രൂരമായി കൊലചെയ്യുകയും അവരുടെ ശവശരീരങ്ങൾ പോലും വികൃതമാക്കുകയും ചെയ്തിരുന്ന ആളായിരുന്നു എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതേത്തുടർന്നാണ് വിശദമായ അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി അംഗമായ രാം മാധവ് ഇന്ത്യയിലെ താലിബാനിസത്തിന്റെ ആദ്യ ബഹിർസ്ഫുരണങ്ങളിലൊന്നായിരുന്നു 1921ലെ മലബാർ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിലേക്കെത്തിച്ച മതമൌലികവാദം ഉടലെടുക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായിരുന്നു 1921 എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വച്ച് വിശ്വ സംവാദ കേന്ദ്രം സംഘടിപ്പിച്ച മലബാർ ലഹളയുടെ നൂറൂവർഷങ്ങളെന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹമത് അഭിപ്രായപ്പെട്ടത്.
മലബാറിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചതിന്റെ നൂറാം കൊല്ലമായ 2021 ആഗസ്റ്റ് 22ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണപ്രവർത്തനമാണ് നടന്നത്. #MalabarIslamicState എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് നാൽപ്പതിനായിരത്തിലധികം ട്വീറ്റുകൾ ചെയ്യുകയും ഫെയിസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചാരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ആർ എസ് എസ് ബൌദ്ധികവിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ സംയോജകനായ ജെ നന്ദകുമാർ പറഞ്ഞത് മാപ്പിള ലഹളയെന്നത് ഹിന്ദുക്കൾക്കെതിരേ നടന്ന വ്യവസ്ഥാപിതമായ സംഘടിതമായ ആക്രമണമാണ് എന്നായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദിനേയും ആലി മുസല്യാരേയും പോലെയുള്ള ഇസ്ലാമിക മതമൌലികവാദികൾ നടത്തിയ ലഹളയിൽ പതിനായിരക്കണക്കിനു ഹിന്ദുക്കളാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര ബലിദാനികളുടെ നിഘണ്ടു മാറ്റങ്ങളോടെ ഒക്ടോബർ അവസാനം പുനഃപ്രസിദ്ധീകരിക്കുമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ഡയറക്ടർ ഓം ജി ഉപാദ്ധ്യായ് അറിയിച്ചു.
Discussion about this post