തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കുശേഷം കോവിഡ് കേസുകൾ ഉയരുമെന്നും, ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിനരോഗികളുടെ എണ്ണം 25,000 മുതൽ 30,000 വരെയായി വർധിക്കുമെന്നും മുന്നറിയിപ്പുനൽകി ആരോഗ്യവിദഗ്ധർ. സെപ്റ്റംബറിൽ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. മൂന്നുമാസത്തിനിടെ ശനിയാഴ്ച രോഗ സ്ഥിരീകരണനിരക്ക് 17 ശതമാനം കടന്നു. ഞായറാഴ്ച ഇത് 16.4 ശതമാനമായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ രോഗസ്ഥിരീകരണനിരക്ക് ഉയരുകയാണ്.
രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകനയോഗം നിർണായകമാണ്. കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. പരിശോധനകൾ വർധിപ്പിച്ചേക്കും. തീവ്രരോഗവ്യാപനമുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കുന്നതിനെപ്പറ്റിയും ചർച്ചചെയ്യും.
രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സർക്കാർ ആശുപത്രികളിലെ കിടക്കകൾ അതിവേഗമാണ് നിറയുന്നത്. ശനിയാഴ്ചവരെയുള്ള കണക്കുകൾപ്രകാരം 27,260 രോഗികളാണ് ആശുപത്രികളിലുള്ളത്. പകുതിയിലധികം ഐ.സി.യു. കിടക്കകളും നിറഞ്ഞിട്ടുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തിലും ഓണത്തിനുശേഷം രോഗികളുടെ എണ്ണം ഉയർന്നിരുന്നു.
കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചതിനാൽ പോസിറ്റീവായാലും രോഗികൾ ഗുരുതരാവസ്ഥയിലേക്ക് പോകാത്തത് ആശ്വാസമാണ്. ഇനി 90 ലക്ഷം വാക്സിൻകൂടി നൽകിയാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ 15-നുമുമ്പ് ഇത്രയും വാക്സിൻകൂടി നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.
മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഇത് രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു. – ഡോ. പി. ഗോപികുമാർ, സെക്രട്ടറി, ഐ.എം.എ.
Discussion about this post