താലിബാൻ നിയന്ത്രിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് അമുസ്ലീങ്ങൾ പാലായനം ചെയ്തുകൊണ്ടിരിക്കേ നാൽപ്പത്തിനാല് സിഖ് വംശജർക്കൊപ്പം മൂന്ന് ശ്രീ ഗുരുഗ്രന്ഥ് സാഹിബ് ജി സ്വരൂപങ്ങളും ഡൽഹി വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും വി മുരളീധരനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൌതമും ചേർന്ന് ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി സ്വരൂപങ്ങളെ സാദരം ശിരസ്സിലേറ്റി സ്വീകരിച്ച് എഴുന്നള്ളിച്ചു. അതീവ വിരളമായ ശ്രീഗുരുഗ്രന്ഥ്സാഹിബ് ജി കയ്യെഴുത്തുപ്രതികളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയം തേടിയെത്തിയവർ കൂടെക്കൊണ്ടുവന്നത്.
കാബൂളിൽ നിന്നാണ് 44 സിഖ് വംശജരായ അഫ്ഗാനികളുൾപ്പെടെ 78 പേരും മൂന്ന് ശ്രീ ഗുരുഗ്രന്ഥ് സാഹിബ് ജി സ്വരൂപങ്ങളുമായി ഇന്ത്യൻ വിമാനം ഡൽഹിയിലെത്തിയത്. കാബൂളിൽ നിന്ന് തിരിച്ച ശേഷം തജക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷൺബെയിലും ഇടയ്ക്ക് വിമാനം ഇറക്കിയിരുന്നു.
തലസ്ഥാനത്തെ നയാ മഹാവീർ നഗറിലുള്ള ഗുരു അർജൻ സിംഗ് ജി ഗുരുദ്വാരയിൽ ഈ മൂന്ന് ഗുരുഗ്രന്ഥ് സാഹിബ് സ്വരൂപങ്ങളും സൂക്ഷിയ്ക്കും. ഇസ്ലാം മതത്തിലേക്ക് മാറാനുള്ള നിർബന്ധം അനുസരിക്കാത്തതിനാൽ മുഗൾ അധിനിവേശ ഭരണാധികാരിയായിരുന്ന ഔറംഗസേബ് തലവെട്ടി കൊലപ്പെടുത്തിയ സിഖ് ഗുരുവാണ് ഗുരു അർജൻ സിംഗ് ജി. കാശ്മീരി പണ്ഡിറ്റുകളെ മുഴുവനായി മതം മാറ്റാൻ അവരുടെ സംരക്ഷകനായിരുന്ന ഗുരു അർജൻ സിംഗ് ജിയെ മതം മാറ്റിയാൽ മതിയെന്ന കണക്കുകൂട്ടലിലാണ് ഔറംഗസേബ് അദ്ദേഹത്തിനോട് ഈ നിഷ്ഠൂരകൃത്യം ചെയ്തത്.
അദ്ദേഹം വീരബലിദാനിയായ സ്ഥലത്തുള്ള ഗുരുദ്വാരയിൽത്തന്നെ ഈ ഗുരുഗ്രന്ഥസാഹിബ് സ്വരൂപങ്ങൾ സംരക്ഷിക്കുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ കൃത്യമായ സന്ദേശമാണ് നൽകുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
“‘നിരാമയമായ ഭഗവത് വാണി വിജയിക്കട്ടെ, അതേക്കാൾ മഹത്വമാർന്നതൊന്നുമില്ല‘ ഡൽഹി വിമാനത്താവളത്തിൽ കാബൂളിൽ നിന്നെത്തിയ മൂന്ന് ഗുരുഗ്രന്ഥ് സാഹിബ്ജിയുടെ സ്വരൂപം, ശ്രീ വി മുരളീധരനോടും ശ്രീ ദുഷ്യന്ത് കുമാർ ഗൌതമിനോടുമൊപ്പം സ്വീകരിക്കാൻ സാധിച്ചതിൽ ഞാൻ അനുഗ്രഹീതനായി” കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. “ധർമ്മത്തെ ബഹുമാനിക്കൽ മനുഷ്യന്റെ കർമ്മമാണ്” ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൌതം ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് കുറിച്ചു.
“25 ഇന്ത്യക്കാരടക്കം 78 പേരാണ് ഈ വിമാനത്തിൽ ഡൽഹിയുടെ സുരക്ഷയിലേക്ക് പറന്നിറങ്ങിയത്. മടങ്ങാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്” എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. .
സിഖ് സമ്പ്രദായക്കാരുടെ വിരുദ്ധ ഗ്രന്ഥമാണ് ഗുരുഗ്രന്ഥ് സാഹിബ്. ആദിഗ്രന്ഥ് എന്നറിയപ്പെടുന്ന ഈ ഗ്രന്ഥത്തിനെ ജീവിച്ചിരിയ്ക്കുന്ന ഗുരുവായിത്തന്നെ കാണണമെന്നാണ് വിശ്വാസം. ഗുരുനാനാക് ഉൾപ്പെടെയുള്ള സിഖ് ഗുരുക്കന്മാർക്കൊപ്പം ജയദേവൻ, കബീർദാസ്, നാംദേവ്, സൂർദാസ്, രാമാനന്ദ്, രവിദാസ് തുടങ്ങി ഭാരതത്തിലെ അനേകം ഗുരുക്കന്മാരുടെ വാണികൾ ചേർത്താണ് അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അർജൻ സിംഗ് ജി ഈ ഗ്രന്ഥം നിർമ്മിച്ചത്. ആദ്യത്തെ പത്ത് സിഖ് ഗുരുക്കന്മാരുടെ സ്വരൂപമായും സിഖുകാർക്ക് ഒരിക്കലും നശിക്കാത്ത ഗുരുവായുമാണ് ഗുരുഗ്രന്ഥ് സാഹിബിന്റെ സ്ഥാനം. സിഖ് ഗുരുദ്വാരകളിൽ പൂജിക്കുന്നതും ഗുരുഗ്രന്ഥ് സാഹിബിനെയാണ്.
ഗുരുഗ്രന്ഥ് സാഹിബ് സ്വരൂപം ഏറ്റുവാങ്ങാൻ കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും മുതിർന്ന രണ്ട് മന്ത്രിമാരും ബിജേപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും നേരിട്ടെത്തിയത് നയതന്ത്ര മേഖലയിൽ അതീവ പ്രാധാന്യമുള്ള ഒരു കാര്യമായാണ് കരുതുന്നത്. സാധാരണ രാഷ്ട്രത്തലവന്മാരെത്തുമ്പോൾ സ്വീകരിക്കുന്നതിനേക്കാൾ വലിയ ചടങ്ങായി, ഗൌരവമായും പവിത്രമായുമാണ് ഗുരുഗ്രന്ഥ് സാഹിബ് സ്വരൂപം സ്വീകരിച്ചത്. ഭാരതം ധർമ്മത്തിന്റെ എക്കാലത്തേയും അഭയകേന്ദ്രമാണെന്നും എല്ലാറ്റിലുമുപരിയായി നാം ധർമ്മത്തെ സംരക്ഷിക്കുമെന്നുമുള്ള സൂചന നൽകുകയാണിത് എന്ന് അതേത്തുടർന്നുണ്ടായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
Discussion about this post