ഡല്‍ഹി: വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിയമ കമീഷന് ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. കമീഷന് ശുപാര്‍ശപ്രകാരം ക്രിമിനല്‍ നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരുന്നു. അതിനുള്ള മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നിലനിര്‍ത്തണമെന്ന നിലപാട് അറിയിച്ചത്.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ വച്ച് വധശിക്ഷ നിര്‍ത്തലാക്കാന്‍ സാധ്യമല്ല എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ജസ്റ്റിസ് എ.പി. ഷായുടെ നേതൃത്വത്തിലുള്ള ഏഴംഗ നിയമ കമീഷന് ആഗസ്റ്റ് 31നാണ് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. തീവ്രവാദ കേസുകളിലൊഴികെ വധശിക്ഷ ഉടന്‍ നിര്‍ത്തലാക്കണമെന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. തീവ്രവാദക്കേസുകളില്‍ വധശിക്ഷ തുടരണോയെന്ന കാര്യത്തില്‍ പാര്‍ലമെന്റും കേന്ദ്രസര്‍ക്കാറും തീരുമാനിക്കണം.
അതുവരെ തീവ്രവാദക്കേസുകളിലെ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കമീഷന് റിപ്പോര്‍ട്ടില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
വധശിക്ഷ നിര്‍ത്തലാക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് കമ്മീഷനിലെ സര്‍ക്കാര്‍ പ്രതിനിധികളായ രണ്ടു ഗവ. സെക്രട്ടറിമാര്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് വധശിക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പൊതുചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നിയമ കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നത്.
Discussion about this post