ഇന്ത്യക്കാർ ജോലിചെയ്യുന്ന ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ തുറമുഖത്തിനുസമീപം കടൽക്കൊള്ളക്കാർ ആക്രമിച്ചു. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയോടെ കപ്പലിലെത്തി വെടിയുതിർത്ത അഞ്ചംഗ കൊള്ളസംഘം മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും എതിർത്തപ്പോൾ രണ്ടുപേർക്കു നേരേ വെടിവെച്ചു. ഒരാളെ തട്ടിക്കൊണ്ടുപോയി. ജീവനക്കാരിലൊരാളായ കണ്ണൂർ സിറ്റി സ്വദേശി ദീപക് ഉദയരാജ് കാബിനിലായതിനാൽ രക്ഷപ്പെട്ടു. മറ്റൊരു മലയാളിയും മുറിയിലായിരുന്നു.
കപ്പലിന്റെ ചീഫ് ഓഫീസർ വികാസ് നൗറിയാൽ (48), കുക്ക് സുനിൽ ഘോഷ് (26) എന്നിവർക്കാണ് വെടിയേറ്റത്. സെക്കൻഡ് എൻജീനിയർ പങ്കജ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. പഞ്ചാബ് സ്വദേശിയായ ഇയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വെടിയേറ്റവർക്ക് പിറ്റേന്ന് രാവിലെയാണ് വൈദ്യസഹായം ലഭിച്ചത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ് എന്ന ഫ്രഞ്ച് കമ്പനിയുടെതാണ് കപ്പൽ. അവർ ഇപ്പോൾ കമ്പനി നടത്തുന്നില്ല.
കപ്പൽ ഗബോണിലെ തുറമുഖത്തിനുസമീപം നങ്കൂരമിട്ടിരിക്കുകയായിരുന്നു. അർധരാത്രി എല്ലാവരും ഉറങ്ങുമ്പോഴാണ് തോക്കുമായി കൊള്ളക്കാർ എത്തിയത്. ഹൈസ്പീഡ് ഫൈബർ ബോട്ടിൽ എത്തിയ കൊള്ളക്കാർ കപ്പലിൽ കയറി വെടിയുതിർത്തു. ശബ്ദവും അലർച്ചയും കേട്ട് പുറത്തുവന്ന ജീവനക്കാരിൽ മൂന്നുപേരെ ബലംപ്രയോഗിച്ച് ബോട്ടിൽ കയറ്റിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എതിർത്തപ്പോഴാണ് വെടിവെച്ചത്.













Discussion about this post