ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗിയെ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കല്‍ സ്വദേശി രമണന് മരിച്ചതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാര്‍ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. അധികൃതരുടെ നിര്‍ദ്ദേശാനുസരണം ബന്ധുക്കള്‍ ആംബുലന്‍സുമായി ആശുപതിയിലെത്തി.
മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണന് ജീവിച്ചിരിപ്പുണ്ടെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും മനസ്സിലായത്. മരണ വിവരം ആശുപത്രിയില്‍ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റർ അടക്കം അടിക്കുകയും ചെയ്തിരുന്നു.
Discussion about this post