പാലാ : ചേര്‍ത്തല സ്വദേശിനിയായ യുവതി വനിത കമ്മീഷനില്‍ നല്കിയ പരാതിയിലാണ് വാട്സ് ആപ്പ് ഉപയോഗിച്ചുള്ള വിവാഹമോചനകഥ പുറത്ത് വന്നത്. വിവാഹശേഷം ദുബായിലേക്ക് പോയ വരന് നാല് മാസത്തിനുള്ളില്‍ വാട്സ് ആപ്പ് വഴി തലാഖ് ചൊല്ലിയെന്ന് പരാതിയില്‍ പറയുന്നു.
വൈക്കം സ്വദേശിയും ദുബായില്‍ ജോലി ചെയ്യുന്നതുമായ യുവാവാണ് വാട്സ് ആപ്പിലൂടെ മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലിയിരിക്കുന്നതായി ഭാര്യയെ അറിയിച്ചത്. ചേര്‍ത്തല സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് യുവതി.
നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കല്യാണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ വരന് ദുബായിലേയ്ക്ക് തിരികെ പോയി. പിന്നീട് യുവതിയുടെ മൊബൈലിലെ വാട്സ് ആപ്പില്‍ തലാഖ് സന്ദേശമാണ് എത്തിയത്. പുതുമണവാളന് വധുവിനെ ഇഷ്ടമെല്ലന്നും തലാഖ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കമിട്ട് എഴുതിയ ശേഷം മൊഴി ചൊല്ലിയിരിക്കുന്നുവെന്നുമാണ് സന്ദേശം.
ഇപ്പോള്‍ യുവാവിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. വിവാഹസമയത്ത് നല്കിയ 10 ലക്ഷം രൂപയും 80 പവന് സ്വര്‍ണ്ണാഭരണവും തിരിച്ച് നല്‍കിയിട്ടില്ല.
പിതാവ് മരിച്ചുപോയ യുവതിയുടെ പഠനം ഈ സംഭവത്തോടെ മുടങ്ങി. സഹോദരിയുടെയും പഠനം ഒരുവര്‍ഷത്തോളം മുടങ്ങി. എന്നാല്‍ ഇത്തരമൊരു തലാഖ് ചൊല്ലല്‍ ശരിയത്ത് പ്രകാരം നിയമ വിരുദ്ധമാണെന്ന് വനിതാ കമ്മീഷന് അംഗം പ്രമീളാ ദേവി പറഞ്ഞു.
സംഭവത്തില്‍ വരന്റെ വീട്ടുകാരെ അടുത്ത അദാലത്തില്‍ എത്തിക്കാന്‍ ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് വനിതാ കമ്മീഷന് നിര്‍ദേശം നല്കി. ദുബായിലുള്ള വരനെ ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
Discussion about this post